2027 തിരഞ്ഞെടുപ്പ് ലക്ഷ്യം; യുപിയിൽ യോഗി മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യത

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി മന്ത്രിസഭയിൽ മെയ് 10ന് നിർണായക അഴിച്ചുപണി നടക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ഭരണകക്ഷിയായ ബിജെപി സാമൂഹിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഈ നീക്കത്തിന്റെ ഭാഗമായി ആറു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വൈകുന്നേരം ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കണ്ടു ചർച്ച നടത്തും. നിലവിലുള്ള ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ടെന്നാണ് വിവരം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട തിരിച്ചടിക്ക് പിന്നാലെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും മന്ത്രിസഭാ വികസനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം, ജാതി സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും പരിഗണിച്ചാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ സഖ്യമായ എസ്പിയും കോൺഗ്രസും ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാന പേര് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗദരി യുടേതാണ്. മൊറാദാബാദിലെ സ്വാധീനമുള്ള ജാട്ട് നേതാവായ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിലൂടെ പശ്ചിമ ഉത്തർപ്രദേശിലെ ജാട്ട് വിഭാഗത്തിന്റെ പിന്തുണ കൂടുതൽ ഉറപ്പാക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ബ്രാഹ്മണ നേതാവ് മനോജ് പാണ്ഡെയുടെ പേരും സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക