മുഖ്യമന്ത്രിയായില്ലെങ്കിൽ പടയാളിയായി തുടരും; കെ.സിയ്ക്ക് വേണ്ടി പറവൂർ ഒഴിഞ്ഞു നൽകാനും തയ്യാർ: വിഡി സതീശൻ

വിഡി സതീശനും കെസി വേണുഗോപാലും തമ്മിലുള്ള മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തുടരുന്നത്. ഹൈക്കമാൻഡുമായി നടത്തിയ നിർണായക ചർച്ചയിൽ, രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തന്നെ കെ.സി. വേണുഗോപാലിനെതിരെ വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്ത് എംഎൽഎമാരെ സ്വാധീനിച്ചെന്നാണ് സതീശന്റെ ആരോപണം.

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ “പടയാളിയായി” പാർട്ടിക്കായി തുടരുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. അതിനൊപ്പം, കെ.സി. വേണുഗോപാലിന് വേണ്ടി പറവൂർ മണ്ഡലം ഒഴിഞ്ഞുനൽകാനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അവസരം നൽകണമെന്ന് സതീശൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെട്ടു.

പറവൂരിൽ നിന്ന് രാജിവെച്ച് താൻ കെ.സി.യെ വിജയിപ്പിക്കാമെന്നും, വീണ്ടും ജനങ്ങൾക്കിടയിലേക്ക് “വനവാസത്തിന്” പോകാൻ പോലും താൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. “കെ.സി. മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കുന്നതെന്തിന്? അദ്ദേഹത്തിന് എംഎൽഎമാരുടെ പിന്തുണയുണ്ടല്ലോ” എന്ന ഹൈക്കമാൻഡിന്റെ ചോദ്യമാണ് സതീശനെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

അതേസമയം, രമേശ് ചെന്നിത്തല സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള അവകാശവാദത്തിൽ ഉറച്ചു നിൽക്കുകയാണ്. കെ.സി. വേണുഗോപാലും ഒരിക്കലും പിന്നോട്ടില്ലെന്ന നിലപാട് തുടരുന്നതിനാൽ, കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലാണ്. മണിക്കൂറുകളായി ചർച്ചകൾ തുടരുന്നുവെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താനാകാത്തത് നേതൃത്വത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക