ബ്രസീലിയൻ ക്രിമിനൽ സംഘങ്ങളെ ‘ഭീകരസംഘടന’യായി പ്രഖ്യാപിക്കാൻ യുഎസ്; സൈനിക ഇടപെടൽ ഭീഷണിയെന്ന് ബ്രസീൽ

ബ്രസീലിലെ ഏറ്റവും വലിയ രണ്ട് ക്രിമിനൽ സംഘങ്ങളായ പി.സി.സി , സി.വി എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ബ്രസീൽ രംഗത്ത്. ഇത്തരമൊരു തീരുമാനം ഭാവിയിൽ അമേരിക്കൻ സൈനിക ഇടപെടലിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അമേരിക്ക ഈ സംഘങ്ങളെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് ആഭ്യന്തര സുരക്ഷാ വിഷയത്തെ ഭീകരവിരുദ്ധ നയത്തിന്റെ പരിധിയിലേക്ക് മാറ്റുന്നതാണെന്ന് ബ്രസീൽ ആശങ്ക പ്രകടിപ്പിച്ചു.

ഈ പദവി അമേരിക്കയ്ക്ക് കൂടുതൽ നിയമപരവും സാമ്പത്തികവുമായ ഇടപെടൽ അധികാരങ്ങൾ നൽകുമെന്നും, ബ്രസീലിയൻ പൗരന്മാർക്ക് സാമ്പത്തികവും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും വിദേശകാര്യ മന്ത്രി മൗറോ വിയേര വ്യക്തമാക്കി. അതീവ ഗുരുതരമായ സാഹചര്യത്തിൽ ബ്രസീലിയൻ മണ്ണിൽ അമേരിക്കൻ സൈനിക നടപടി വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബ്രസീലിലെ ഏറ്റവും അക്രമാസക്തമായ കുറ്റകൃത്യ ശൃംഖലകളാണ് പി.സി.സിയും സി.വിയും എന്നും ഇവയുടെ സ്വാധീനം രാജ്യാതിർത്തികൾക്കപ്പുറം വ്യാപിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു. സംഘടിത കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് കടത്തിനുമെതിരെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക