ദേശാഭിമാനി വാർത്ത തെറ്റ്; വിഴിഞ്ഞം ഓഹരി വിൽപന വിവാദത്തിൽ സ്വന്തം പത്രത്തെ തള്ളി എംവി ഗോവിന്ദൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയെ പരസ്യമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത് തെറ്റായിരുന്നുവെന്നും, ഭാവിയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ പരിഗണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആ വാർത്ത ദേശാഭിമാനിയിൽ വരാൻ പാടില്ലായിരുന്നുവെന്നും എംവി ഗോവിന്ദൻ തുറന്നുപറഞ്ഞു.

വിഴിഞ്ഞം ഓഹരി വിൽപന സംബന്ധിച്ച വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനി അല്ലെന്നും, മറ്റ് പ്രമുഖ മാധ്യമങ്ങളും സമാന വാർത്തകൾ നൽകിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വിഴിഞ്ഞം വിഷയത്തിൽ സർക്കാർ കള്ളക്കളി തുടരുകയാണെന്നും, അദാനി ഗ്രൂപ്പുമായുള്ള കരാറിന് മുഖ്യമന്ത്രി നേരിട്ട് ഇടനില നിന്നുവെന്നുമാണ് എംവി ഗോവിന്ദന്റെ ആരോപണം. അദാനിക്കെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഉയർത്തിയ വിമർശനങ്ങൾ യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് നടത്തിയ യാത്രയും അവിടെ നടന്ന ചർച്ചകളും തീരുമാനങ്ങളും അദാനിയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്നാണ് ജനങ്ങൾ വിലയിരുത്തുന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

വിഴിഞ്ഞം ഓഹരി വിൽപനയെക്കുറിച്ച് സർക്കാർ ഏറ്റവും അവസാനമാണ് വിവരമറിഞ്ഞതെന്ന വാദവും അദ്ദേഹം തള്ളി. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിയമനടപടികൾ എന്താണെന്ന് മുഖ്യമന്ത്രി പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കും വിരുദ്ധമായി സ്വകാര്യ കമ്പനികൾക്ക് അനുകൂലമായ ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക