കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നതിനാൽ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദപാത്തിയും മധ്യപ്രദേശ്–ഉത്തർപ്രദേശ് മേഖലകളിലെ ശക്തമായ ന്യൂനമർദ സ്വാധീനവുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12 വരെ കേരളത്തിലും മാഹിയിലും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മറുപടി രേഖപ്പെടുത്തുക