മലയാളത്തിന്റെ സാംസ്‌കാരിക ദൂതന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1951 ഏപ്രില്‍ 11ന് കോട്ടയത്താണ് ജനനം. പിതാവ് പരേതനായ പി. നടരാജ പിള്ളയും മാതാവ് പരേതയായ സി. സരസ്വതി അമ്മയുമാണ്. ഇസ്രയേലിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പൂര്‍ണമായും കലാ-സാംസ്‌കാരിക രംഗത്ത് സജീവമായത്.

മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പികളിലൊരാളായ സൂര്യ കൃഷ്ണമൂര്‍ത്തി, ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ‘സൂര്യ ഫെസ്റ്റിവല്‍’ എന്ന സാംസ്‌കാരികോത്സവത്തിന്റെ സ്രഷ്ടാവുമാണ്. ലോകപ്രശസ്ത കലാകാരന്‍മാരെയും പ്രതിഭകളെയും കേരളത്തിലെ വേദികളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം 400-ലേറെ വേദികളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് അത് സിനിമയായും ശ്രദ്ധ നേടി. ഇരുപതിലധികം രംഗാവതരണങ്ങളുടെ ശില്‍പിയായ അദ്ദേഹം ‘സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനുമായിരുന്നു.

മലയാള കലാ-സാംസ്‌കാരിക മേഖലയെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വത്തിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക