അദാനി ഗ്രൂപ്പിനെതിരായ സെബി കേസ് അവസാനിച്ചു; 1.5 കോടി രൂപ പിഴത്തുകയായി ഈടാക്കി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സ്വീകരിച്ചിരുന്ന നിയമനടപടികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവസാനിപ്പിച്ചു. സെറ്റിൽമെന്റ് വ്യവസ്ഥ പ്രകാരം കമ്പനികളിൽ നിന്ന് ആകെ 1.5 കോടി രൂപ ഈടാക്കിയ ശേഷമാണ് നടപടി അവസാനിപ്പിച്ചത്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് എന്നിവർക്കെതിരായ നടപടികളാണ് സെബി അവസാനിപ്പിച്ചത്. ലിസ്റ്റിങ് ചട്ടങ്ങൾ, കോർപ്പറേറ്റ് ഭരണനിർവഹണ മാനദണ്ഡങ്ങൾ, അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലെ വെളിപ്പെടുത്തലുകൾ എന്നിവ സംബന്ധിച്ച പരാതികളിലായിരുന്നു അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി ഗ്രൂപ്പിലെ ഏഴ് കമ്പനികളെ സെബി പരിശോധിച്ചിരുന്നു. ഇതിൽ അഞ്ച് കമ്പനികളിൽ ചില വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

അദാനി എന്റർപ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും വകോദർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിലുള്ള ഇടപാടുകൾ വാർഷിക റിപ്പോർട്ടിൽ പൂർണമായി വെളിപ്പെടുത്തിയില്ലെന്നതായിരുന്നു പ്രധാന ആരോപണം. കൂടാതെ, ചില ഓഡിറ്റ് റിപ്പോർട്ടുകളിൽ ഒപ്പുവെച്ച ഓഡിറ്റർ സ്ഥാപനങ്ങൾക്ക് സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഇല്ലായിരുന്നുവെന്ന കണ്ടെത്തലും സെബി നടത്തിയ പരിശോധനയിൽ ഉൾപ്പെട്ടിരുന്നു.

തുടർന്ന്, ആരോപണങ്ങൾ സമ്മതിക്കാതെയും നിഷേധിക്കാതെയും കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾ സെബിയുടെ സെറ്റിൽമെന്റ് ചട്ടങ്ങൾ പ്രകാരം അപേക്ഷ നൽകി. സെബിയുടെ ഉന്നതാധികാര സമിതി നിർദേശിച്ച തുകകൾ കമ്പനികൾ അടച്ചതോടെയാണ് നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഒത്തുതീർപ്പ് തുകയായി അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും അടച്ചു. അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികൾ 9.75 ലക്ഷം രൂപ വീതവും സെബിക്ക് കൈമാറി.

സെപ്റ്റംബർ ആദ്യവാരത്തിൽ തുകകൾ അടച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സെബി ഉത്തരവിറക്കിയത്. അതേസമയം, സമർപ്പിച്ച രേഖകളിൽ തെറ്റായ വിവരങ്ങളോ വസ്തുതാവൈരുധ്യങ്ങളോ പിന്നീട് കണ്ടെത്തുകയാണെങ്കിൽ കമ്പനികൾക്കെതിരായ നടപടികൾ പുനരാരംഭിക്കാൻ സെബിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക