ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യത്ത് പ്രവേശിക്കുന്ന മുറയ്ക്ക് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഇടക്കാല സർക്കാരിലെ നിയമമന്ത്രി എം. അസദുസ്സമാൻ വ്യക്തമാക്കി. നിയമപ്രകാരം നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തിൽ യാതൊരു ഇളവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതായി ഷെയ്ഖ് ഹസീന അറിയിച്ചത്. തന്നെ അറസ്റ്റ് ചെയ്യാനോ കൊല്ലാനോ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരമാണ് തിരിച്ചെത്താൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. നേരത്തെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും എത്ര പ്രതിസന്ധികൾ ഉണ്ടായാലും രാജ്യത്തേക്ക് മടങ്ങുമെന്ന നിലപാട് ഹസീന ആവർത്തിച്ചിരുന്നു.
ഇതിന് പ്രതികരിച്ച നിയമമന്ത്രി, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളെന്ന നിലയിൽ ഹസീനയ്ക്ക് നേരിട്ട് കോടതിയിൽ കീഴടങ്ങാനുള്ള അവസരം പോലും ലഭിച്ചേക്കില്ലെന്ന് പറഞ്ഞു. ബംഗ്ലാദേശ് പൗരയെന്ന നിലയിൽ രാജ്യത്തേക്ക് മടങ്ങാനുള്ള അവകാശം അവർക്കുണ്ടെങ്കിലും, അതിർത്തി കടന്നെത്തുന്ന നിമിഷം തന്നെ നിയമനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു. ഏത് മാർഗത്തിലൂടെയാണ് അവർ രാജ്യത്ത് പ്രവേശിക്കുന്നതെന്നത് പ്രസക്തമല്ലെന്നും നിയമത്തിന് മുന്നിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീനയുടെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിനു ശേഷമാണ് അവർ ഇന്ത്യയിൽ താമസിക്കുന്നത്. 2025ൽ ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിധിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസീന ആരോപിച്ചിട്ടുണ്ട്. അതേസമയം, വിചാരണ നടപടികളിലെ നിയമപരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന നിലവിൽ പരിഗണനയിലാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
