നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജികൾ നൽകിയതെന്ന് കണ്ടെത്തിയ കോടതി, നാല് വിദ്യാർഥികൾക്ക് 5,000 രൂപ വീതം പിഴയും ചുമത്തി.
ജസ്റ്റിസ് എൻ.ബി. സൂര്യവംശി, ജസ്റ്റിസ് എ.ഡി. ഷിൻഡെ എന്നിവരടങ്ങിയ ഛത്രപതി സംഭാജിനഗർ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൃച, സോഹം, അഥർവ, രാഹുൽ എന്നീ വിദ്യാർഥികളാണ് എൻടിഎ പ്രഖ്യാപിച്ച ഫലങ്ങളിൽ പിഴവുണ്ടെന്നും ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ പൊരുത്തക്കേടുകളുണ്ടെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.
എന്നാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഫലങ്ങളിൽ യാതൊരു പിഴവും ഇല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് വിദ്യാർഥികളുടെ യഥാർത്ഥ ഉത്തരക്കടലാസുകൾ ഡൽഹിയിൽ നിന്ന് സീൽ ചെയ്ത പാക്കറ്റുകളിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ഉത്തരക്കടലാസുകൾ കോടതി നേരിട്ട് പരിശോധിക്കുകയും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അഭിഭാഷകർക്കും അവ പരിശോധിക്കാൻ അവസരം നൽകുകയും ചെയ്തു. പരിശോധനയിൽ എൻടിഎ പ്രഖ്യാപിച്ച മാർക്കുകളും ഫലങ്ങളും യഥാർത്ഥ ഉത്തരക്കടലാസുകളുമായി പൂർണമായും പൊരുത്തപ്പെടുന്നതായി കണ്ടെത്തി.
ഇതോടെ ഫലപ്രഖ്യാപനത്തിൽ യാതൊരു ക്രമക്കേടുമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് എല്ലാ ഹർജികളും തള്ളിയ കോടതി, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി കോടതിയെ സമീപിച്ചതിന് ഹർജിക്കാർക്ക് 5,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
പരീക്ഷാ ഫലങ്ങൾ ചോദ്യം ചെയ്യുന്നതിന് മുമ്പ് യഥാർത്ഥ രേഖകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഈ വിധി വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
