ടിവി പരസ്യങ്ങൾക്ക് മണിക്കൂറിൽ 12 മിനിറ്റ് പരിധി; ട്രായിയുടെ ഉത്തരവ് ശരിവെച്ച് ഡൽഹി ഹൈക്കോടതി

ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങൾക്ക് മണിക്കൂറിൽ പരമാവധി 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചു. വാണിജ്യ പരസ്യങ്ങൾക്ക് 10 മിനിറ്റും, ചാനലുകളുടെ സ്വന്തം പ്രൊമോഷനുകൾക്ക് 2 മിനിറ്റും എന്ന ട്രായിയുടെ നിയന്ത്രണത്തെ ചോദ്യം ചെയ്ത് വിവിധ വാർത്താ-വിനോദ ചാനലുകൾ സമർപ്പിച്ച 17 ഹർജികൾ ജസ്റ്റിസുമാരായ അനിൽ ക്ഷേത്രർപാൽ, അമിത് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.

ഈ നിയന്ത്രണം തങ്ങളുടെ ബിസിനസ്സ് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും (ആർട്ടിക്കിൾ 14, 19) ബാധിക്കുമെന്ന പ്രക്ഷേപകരുടെ വാദം കോടതി അംഗീകരിച്ചില്ല. ചാനലുകൾക്ക് പരസ്യവരുമാനം നഷ്ടപ്പെടുന്നു എന്നതിനേക്കാൾ പൊതുതാൽപ്പര്യത്തിനാണ് മുൻഗണനയെന്ന് കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന ബിസിനസ്സ് സ്വാതന്ത്ര്യം വൻ ലാഭക്ഷമതയ്ക്ക് ഉറപ്പുനൽകുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേതുപോലെ ടിവി കാണുന്നവർക്ക് പരസ്യങ്ങൾ ‘സ്കിപ്പ്’ ചെയ്യാനോ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ കഴിയില്ല. അതിനാൽ അമിതമായ പരസ്യങ്ങൾ നല്ലൊരു കാഴ്ചാനുഭവത്തിനുള്ള ഉപഭോക്താവിന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി .

അതേപോലെ , ചാനലുകൾ ഉപയോഗിക്കുന്ന എയർവേവുകളും സ്പെക്ട്രവും അപൂർവ്വമായ പൊതുവിഭവങ്ങളാണ്. ഇത് അനിയന്ത്രിതമായി വാണിജ്യപരമായി ചൂഷണം ചെയ്യാൻ പ്രക്ഷേപകർക്ക് അവകാശമില്ലന്നും കോടതി പറഞ്ഞു .

1997-ലെ ട്രായ് നിയമപ്രകാരം സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും ഉപഭോക്തൃ സംരക്ഷണത്തിനുമായി പരസ്യസമയം നിയന്ത്രിക്കാൻ അതോറിറ്റിക്ക് പൂർണ്ണ നിയമപരമായ അധികാരമുണ്ട്.
പരസ്യങ്ങളുടെ ഉള്ളടക്കത്തെയല്ല, മറിച്ച് അവയുടെ സമയദൈർഘ്യത്തെ മാത്രമാണ് ഈ ചട്ടം നിയന്ത്രിക്കുന്നതെന്നും, ഇത് പൂർണ്ണമായും ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹർജികൾ തീർപ്പാക്കിയത്.

മറുപടി രേഖപ്പെടുത്തുക