ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ നിയമവിരുദ്ധമായി ഇടപെടാൻ ശ്രമിക്കരുതെന്ന് ഫ്രഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം. വിദേശ ഇടപെടലുമായി ബന്ധപ്പെട്ട കേസിലെ സംശയാസ്പദരുമായി ജൂലൈയിൽ ടെഹ്റാനിൽ രണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി മന്ത്രാലയം ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ, ഇറാന്റെ ആഭ്യന്തര നിയമങ്ങൾക്കും നയതന്ത്ര ചട്ടങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഫ്രഞ്ച് ഉദ്യോഗസ്ഥർ ഏർപ്പെട്ടതായി കണ്ടെത്തിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇത്തരത്തിലുള്ള ഇടപെടലുകൾ ആവർത്തിച്ചാൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ടെഹ്റാനിലെ ഫ്രഞ്ച് എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ ഇറാൻ അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും ചോദ്യം ചെയ്തതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബറോറ്റ് ആരോപിച്ചു. ഉദ്യോഗസ്ഥരിൽ ഒരാൾ ശാരീരിക പീഡനത്തിനിരയായതായും അദ്ദേഹം പറഞ്ഞു.
സംഭവത്തെ “ഗുരുതരവും അസ്വീകാര്യവുമാണ്” എന്ന് വിശേഷിപ്പിച്ച ഫ്രാൻസ്, ഇതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറുവശത്ത്, ഫ്രഞ്ച് നയതന്ത്രജ്ഞരുടെ പ്രവർത്തനം നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചിയും പ്രതികരിച്ചു.
