നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ മണ്ഡോദരിയായി എത്തുന്ന നടി കാജൽ അഗർവാൾ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്നു. ചിത്രത്തിൽ ചെറിയ വേഷമാണ് ലഭിച്ചിരിക്കുന്നതെങ്കിലും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും സഹതാരങ്ങളെയും അഭിനന്ദിച്ച കാജൽ, നിർമാതാവ് നമിത് മൽഹോത്രയ്ക്കും സംവിധായകൻ നിതേഷ് തിവാരിക്കും നന്ദി അറിയിച്ചു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ അവസരം നൽകിയതിനും സമർപ്പണത്തോടെ പ്രവർത്തിക്കുന്ന കലാകാരന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിനും സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
വേഷത്തിന്റെ വലുപ്പമോ സ്ക്രീനിൽ ലഭിക്കുന്ന സമയമോ മാത്രമല്ല ഒരു സിനിമയുടെ പ്രാധാന്യം നിർണയിക്കുന്നതെന്ന് കാജൽ പറഞ്ഞു. കഥയുടെ മഹത്വവും അത് യാഥാർഥ്യമാക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരുടെ സമർപ്പണവുമാണ് ചില സിനിമകളെ വ്യത്യസ്തമാക്കുന്നത്. കൂട്ടായ വിശ്വാസത്തോടും ദൈവികതയോടും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഒരു സൃഷ്ടിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ സഹതാരങ്ങളുടെ കഴിവിനെയും ആത്മാർഥതയെയും കാജൽ പ്രശംസിച്ചു. അവരുടെ സമർപ്പണം കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രചോദനമാകുന്നതാണെന്നും കുറിച്ചു. തന്റെ ചെറിയെങ്കിലും അർഥവത്തായ കഥാപാത്രത്തെ സ്നേഹത്തോടെ സ്വീകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച താരം, ചില ബന്ധങ്ങളും സിനിമകളുമായുള്ള സഹകരണങ്ങളും കഥാപാത്രത്തിന്റെ വലുപ്പത്തേക്കാൾ വലുതാണെന്നും ‘രാമായണം’ അത്തരത്തിലൊന്നായിരിക്കുമെന്നും വ്യക്തമാക്കി.
