യുഎസ്–ഇറാൻ സംഘർഷത്തിനിടെ സൗദിക്ക് പിന്തുണ ശക്തമാക്കി പാകിസ്ഥാൻ; 8,000 സൈനികരെ വിന്യസിച്ചു

പാകിസ്ഥാനും സൗദിയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കി. യുഎസ്–ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ ഏകദേശം 8,000 സൈനികരെ വിന്യസിച്ചതായി മുതിർന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ഏപ്രിലിൽ തന്നെ 16 യുദ്ധവിമാനങ്ങളും ഒരു വ്യോമ പ്രതിരോധ സംവിധാനവും സൗദിയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്. ചൈനയുമായി സഹകരിച്ച് നിർമ്മിച്ച ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്ന സംഘത്തിൽ കൂടുതലായും ഉൾപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സൗദി അറേബ്യയുടെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക വിന്യാസമെന്നാണ് വിശദീകരണം. ഭാവിയിൽ ഇറാനിയൻ ആക്രമണ സാധ്യതകൾ നേരിടുന്നതിനുള്ള മുൻകരുതലായും ഇത് വിലയിരുത്തപ്പെടുന്നു.

ഇരു രാജ്യങ്ങളും കഴിഞ്ഞ വർഷം ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നീക്കമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായതായി കണക്കാക്കി സംയുക്തമായി പ്രതികരിക്കുമെന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ.

അതേസമയം, യുഎസ്–ഇറാൻ സംഘർഷത്തിൽ പാകിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനൊപ്പം സൗദിക്ക് സൈനിക പിന്തുണയും നൽകുന്നത് മേഖലയിലെ തന്ത്രപ്രധാന സമതുലിതാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക