തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമുണ്ട് : എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളിൽ പതറാതെ പോരായ്മകൾ പരിഹരിച്ച് എൽ.ഡി.എഫ് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇ.കെ. നായനാർ അനുസ്മരണത്തോടനുബന്ധിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനും ആഗോളവൽക്കരണ നയങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള 30 ശതമാനം ജനവിഭാഗത്തെ സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടും തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചതിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പല മണ്ഡലങ്ങളിലും യു.ഡി.എഫിന് ലഭിച്ച വിജയം ബി.ജെ.പിയുടെ പിന്തുണയോടെയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്നത് വലിയ അപകടസൂചനയാണെന്നും അതിനെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2001-ൽ 40 സീറ്റുകളിലേക്ക് ചുരുങ്ങിയ അവസ്ഥയിൽ നിന്ന് പിന്നീട് 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ അനുഭവം ഇടതുപക്ഷത്തിനുണ്ടെന്നും നിലവിലെ പോരായ്മകൾ പരിഹരിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ എൽ.ഡി.എഫിന് സാധിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക