ആശാ വർക്കർമാരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ല; പിണറായി വിജയനെതിരെയുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ല: കെ.കെ. ശൈലജ

ആശാ വർക്കർമാരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ലെന്നും അവരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ആശാ വർക്കർമാരുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഇപ്പോൾ തന്നെ വിലയിരുത്താനാകില്ലെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണമെന്ന തരത്തിൽ നടക്കുന്ന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ശൈലജ ടീച്ചർ പ്രതികരിച്ചു. അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പാർട്ടി ഇതിനകം തീരുമാനിച്ചുകഴിഞ്ഞതാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പേരാവൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ ജയസാധ്യതയെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നുവെന്നും അവർ പറഞ്ഞു. പല മണ്ഡലങ്ങളിലും ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെന്നും ശൈലജ അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും താൻ കൂടി പങ്കെടുത്ത കൂട്ടായ ആലോചനകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ഒരു ഘട്ടത്തിൽ എടുത്ത തീരുമാനത്തെ പിന്നീട് തെറ്റായിപ്പോയെന്ന് തിരുത്തിപ്പറയുന്നതിൽ അർത്ഥമില്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക