കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 12 മണിവരെ അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘർഷ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 163-ാം വകുപ്പ് പ്രകാരം അനധികൃത കൂട്ടായ്മകൾക്കും പൊതുയോഗങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.
ജില്ലാ പൊലീസിന് പുറമെ കണ്ണൂർ ജില്ലയിൽ 37 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ജില്ലയിലെ 771 പ്രശ്നസാധ്യതാ ബൂത്തുകളിൽ കേന്ദ്ര സേന ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, 493 സൂക്ഷ്മ നിരീക്ഷകരെയും പ്രശ്നബാധിത ബൂത്തുകളിൽ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
