ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും: പി ജയരാജൻ

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ദൗര്‍ബല്യങ്ങളും ജീര്‍ണതകളും ചര്‍ച്ച ചെയ്ത് തിരുത്തിയില്ലെങ്കില്‍ ജനങ്ങളിലെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങളെ ഗൗരവമായി പരിശോധിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളെക്കുറിച്ചും ജയരാജന്‍ വിശദീകരിച്ചു. “ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് നമുക്ക് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ട്. അത് പാര്‍ട്ടി നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രക്രിയ പാര്‍ട്ടിക്കകത്ത് തന്നെ നടക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പങ്കുവയ്ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി അനുഭാവികള്‍ അവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. അത്തരം നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.

കയ്യൂര്‍, കരിവള്ളൂര്‍, പുന്നപ്ര-വയലാര്‍ തുടങ്ങിയ സമരങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള നമ്മുടെ പാര്‍ട്ടി ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. വലതുപക്ഷത്തിനെതിരെ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിര്‍ത്തി പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. നാം ഈ പ്രതിസന്ധിയും മറികടക്കും,” എന്നാണ് ജയരാജന്‍ കുറിച്ചത്.

മറുപടി രേഖപ്പെടുത്തുക