കാർ വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടി; ഹ്യുണ്ടായ് കാറുകളുടെ വില സെപ്റ്റംബർ മുതൽ ഉയരും

രാജ്യത്തെ കാർ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിലവർധന പ്രഖ്യാപനം. 2026 സെപ്റ്റംബർ മുതൽ രാജ്യത്തുടനീളമുള്ള കാറുകളുടെ വില വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എല്ലാ മോഡലുകളിലും വേരിയന്റുകളിലും പരമാവധി ഒരു ശതമാനം വരെയായിരിക്കും വില വർധന.

എല്ലാ മോഡലുകൾക്കും ഒരേ നിരക്കിലായിരിക്കില്ല വില വർധിപ്പിക്കുക. മോഡലും വേരിയന്റും അനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും. വർധിച്ചുവരുന്ന ഉൽപാദനച്ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ട സാഹചര്യമുണ്ടായതിനാലാണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

അസംസ്കൃത വസ്തുക്കളുടെയും മറ്റ് ഉൽപാദന സാമഗ്രികളുടെയും വില വർധിച്ചതും പ്രവർത്തനച്ചെലവ് ഉയർന്നതും കമ്പനിയുടെ ചെലവിൽ സമ്മർദം സൃഷ്ടിക്കുന്നതായി ഹ്യുണ്ടായ് അറിയിച്ചു. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും തുടരുന്ന സാഹചര്യത്തിൽ ചെലവ് നിയന്ത്രിക്കാൻ കമ്പനി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നിരുന്നാലും, വില വർധന അനിവാര്യമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും കമ്പനി വ്യക്തമാക്കി.

ഹ്യുണ്ടായിയുടെ സാമ്പത്തിക ഫലങ്ങളിലും ഈ സമ്മർദം പ്രതിഫലിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 888.6 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,369.2 കോടി രൂപയായിരുന്നു അറ്റാദായം.

ഇക്കാലയളവിലെ പ്രവർത്തന വരുമാനം 0.5 ശതമാനം കുറഞ്ഞ് 16,334.6 കോടി രൂപയായി. എബിറ്റ 31 ശതമാനം ഇടിഞ്ഞ് 1,511 കോടി രൂപയിലെത്തി. എബിറ്റ മാർജിൻ 13.3 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായും കുറഞ്ഞു.

അതേസമയം, മാരുതി സുസുക്കിയുടെ അരീന, നെക്സ ശ്രേണിയിലെ കാറുകൾക്കും ഓഗസ്റ്റ് മുതൽ വില വർധിപ്പിച്ചിട്ടുണ്ട്. മോഡലും വേരിയന്റും അനുസരിച്ച് 2,500 രൂപ മുതൽ 30,000 രൂപ വരെയാണ് വില ഉയർത്തിയത്. ഈ വർഷം മാരുതി സുസുക്കി നടപ്പാക്കുന്ന രണ്ടാമത്തെ വിലവർധനയാണിത്.

മറുപടി രേഖപ്പെടുത്തുക