കാർ ഉടമകളുടെ സർവീസ്, അറ്റകുറ്റപ്പണി ചെലവുകൾ നിയന്ത്രിക്കാൻ പുതിയ പ്രീപെയ്ഡ് മെയിന്റനൻസ് പദ്ധതിയുമായി മാരുതി സുസുക്കി . ‘സ്മാർട്ട് മെയിന്റനൻസ് പ്ലാൻ’ (SMP) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി, ഭാവിയിലെ സർവീസ് ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഉറപ്പാക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
പുതിയ വാഹനം വാങ്ങുന്ന സമയത്ത് മാത്രമല്ല, പിന്നീട് ഏത് സമയത്തും ഈ പദ്ധതിയിൽ ചേരാനാകും. രാജ്യത്തുടനീളമുള്ള മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്ഷോപ്പുകളിലൂടെ പദ്ധതി ലഭ്യമാകും. ഉപഭോക്താക്കൾക്ക് ലേബർ ചാർജുകൾ മാത്രം ഉൾപ്പെടുന്ന പാക്കേജുകളിൽ നിന്ന് സ്പെയർ പാർട്സ്, എഞ്ചിൻ ഓയിൽ, കൂളന്റ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പാക്കേജുകൾ വരെ തിരഞ്ഞെടുക്കാനാകും. വാണിജ്യ വാഹനങ്ങൾക്കായി പ്രത്യേക പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
പദ്ധതിയിൽ അംഗമാകുന്നവർക്ക് ലേബർ ചാർജിൽ കുറഞ്ഞത് 10 ശതമാനം വരെ ലാഭം നേടാനാകുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഭാവിയിൽ സർവീസ് നിരക്കുകൾ വർധിച്ചാലും മുൻകൂട്ടി അടച്ച തുകയനുസരിച്ച് സേവനങ്ങൾ ലഭ്യമാകുന്നതിനാൽ അധിക സാമ്പത്തിക ഭാരം ഒഴിവാക്കാനാകും. ക്ലച്ച്, ബ്രേക്ക് തുടങ്ങിയ തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾക്കും അധിക പരിരക്ഷ ലഭ്യമാക്കുന്ന ഓപ്ഷനുകളും പദ്ധതിയുടെ ഭാഗമാണ്.
സ്വകാര്യ വാഹനങ്ങൾക്ക് 2 വർഷം/20,000 കിലോമീറ്റർ മുതൽ 10 വർഷം/1 ലക്ഷം കിലോമീറ്റർ വരെയും, വാണിജ്യ വാഹനങ്ങൾക്ക് 10 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വരെയും കവറേജ് ലഭിക്കും. രാജ്യത്തെ ഏത് മാരുതി വർക്ക്ഷോപ്പിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
