ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുകയും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുകയും ചെയ്യുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചു. നിലവില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ഇരുവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി തള്ളി.

ഹര്‍ജിക്കാര്‍ ഇരുവരും പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമാണെന്ന് കോടതിയില്‍ വ്യക്തമാക്കി. പരസ്പരം സ്‌നേഹിക്കുന്ന ഇവര്‍ ഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇപ്പോള്‍ ലിവിങ് ടുഗെദര്‍ രീതിയില്‍ ഒരുമിച്ച് താമസിക്കുകയാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍, ഏതാനും ദിവസങ്ങളായി ഒരുമിച്ച് താമസിക്കുന്നതിനെ മാത്രം ലിവിങ് ടുഗെദര്‍ ബന്ധമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് ഒരു അവിഹിത ബന്ധത്തിന് പരോക്ഷ അംഗീകാരം നല്‍കുന്നതിന് തുല്യമാകാമെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം വീടുകളില്‍നിന്ന് ഒളിച്ചോടുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തി വരുത്തുകയും മാതാപിതാക്കളുടെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുകയും ചെയ്യുന്നതാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക