വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയം പ്രധാനമാക്കി; അമിത് ഷാ സഭയിൽ വിശദീകരണം നൽകണം: ഖാർഗെ

സർക്കാർ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൊണ്ടുവന്ന പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ-2026 സംബന്ധിച്ച രാജ്യസഭാ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ ചൂണ്ടിക്കാട്ടിയ ഖാർഗെ, സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി പോലീസും സിആർപിഎഫും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും, മന്ത്രാലയത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം നടപടികൾ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കെതിരെ ലാത്തിച്ചാർജും ബലപ്രയോഗവും നടന്നതായി ആരോപിച്ച ഖാർഗെ, സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അമിത് ഷായ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ഇത്രയും വൈകി കൊണ്ടുവന്നതെന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു. രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഇപ്പോൾ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷം ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് മാത്രം മതിയാകില്ലെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപ്പാക്കൽ സംവിധാനമാണ് ആവശ്യമെന്നും ഖാർഗെ പറഞ്ഞു. ബിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളം വിദ്യാർത്ഥികളും യുവാക്കളും പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് ഓർമിപ്പിച്ച ഖാർഗെ, തെരുവുകളിൽ നിന്നുള്ള ആ പ്രതിഷേധ ശബ്ദമാണ് ഇപ്പോൾ പാർലമെന്റിലും മുഴങ്ങുന്നതെന്ന് പറഞ്ഞു. പൊതുജന സമ്മർദവും വിദ്യാർത്ഥി സമരവും ശക്തമായതോടെയാണ് സർക്കാർ നിയമഭേദഗതിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക