ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ പ്രത്യേക വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസുമാരായ ദേബാങ്സു ബസക്, അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സുമൻ മൊല്ല സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ അനന്തരവനായ നാസിറിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.
നാസിറിന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനായി വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖകളൊന്നും ഇന്ത്യൻ പൗരത്വത്തിന് നിയമപരമായ തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
1955-ലെ പൗരത്വ നിയമപ്രകാരം ജനന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് പൗരത്വം തെളിയിക്കുന്ന പ്രാഥമിക രേഖകളെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരത്തിലുള്ള രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി.
