ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയതിന് പിന്നാലെ അഖിൽ മാരാറിനെതിരെ ശബ്ദസന്ദേശം പുറത്തുവിട്ട് പാർട്ടി നേതൃത്വം. പാർട്ടിയിൽ ചേരുമ്പോൾ കൊട്ടാരക്കര നിയമസഭാ സീറ്റ് ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നുവെന്നും അത് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് നേതൃത്വം അവകാശപ്പെട്ടു.
ഓഡിയോ സന്ദേശത്തിൽ, പാർട്ടിയിൽ തുടരണമെങ്കിൽ അതിന് തക്ക പരിഗണന ലഭിക്കണമെന്നും, ബിജെപിയും കോൺഗ്രസും പോലെ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പാർട്ടിയല്ല ട്വന്റി20യെന്നും പറയുന്നതായി ആരോപിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി സഹകരിക്കുന്ന സാഹചര്യത്തിൽ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളോ മറ്റ് രാഷ്ട്രീയ നേട്ടങ്ങളോ ഉറപ്പാക്കണമെന്നും, അല്ലെങ്കിൽ സാമ്പത്തികമായെങ്കിലും പ്രയോജനം ലഭിക്കണമെന്നും സംഭാഷണത്തിൽ പറയുന്നതായാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച ശേഷമാണ് അഖിൽ മാരാർ പാർട്ടിയിൽ നിന്ന് അകന്നതെന്നാണ് ട്വന്റി20യുടെ വിശദീകരണം.
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സാബു എം. ജേക്കബ് സാമ്പത്തിക സഹായം നൽകിയില്ലെന്നും, പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് അഖിൽ മാരാർ ട്വന്റി20യിൽ നിന്ന് രാജിവെച്ചത്. അഖിലിന്റെ ആരോപണങ്ങൾക്കും പുറത്തുവന്ന ഓഡിയോ സന്ദേശത്തിനും പിന്നാലെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.
