കോൺഗ്രസിന്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാറിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, താനെല്ലാം ചേർന്ന് സർക്കാറിന്റെ പദ്ധതിയുമായി സഹകരിക്കാൻ പ്രത്യേകമായി ചർച്ച നടത്തിയിരുന്നുവെന്നും, ഭൂമി ലഭിക്കും എന്ന വിശ്വാസത്തിലാണ് കോൺഗ്രസും ലീഗും കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, അവർ സർക്കാറിനെ വിശ്വസിച്ചതാണ് വൈകാൻ കാരണമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടകയിൽനിന്നുള്ള വിഭവങ്ങൾ ഉൾപ്പെടെ കോൺഗ്രസ് സർക്കാർ പദ്ധതിക്ക് കൈമാറിയെന്നും, എന്നാൽ പദ്ധതി ഏറെ വൈകുമെന്ന് തിരിച്ചറിഞ്ഞതോടെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കെ.സി. വേണുഗോപാലിനെ സ്ഥലത്തേക്ക് അയച്ചതായും, തുടർന്ന് പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ എല്ലാവരും ചേർന്ന് വേഗത്തിൽ സ്ഥലം വാങ്ങലും മറ്റ് നടപടികളും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ സർക്കാറിന്റെ പദ്ധതിയിൽ വിശ്വാസം വെച്ച് സഹകരിച്ചെങ്കിലും, പദ്ധതി അനാവശ്യമായി നീണ്ടുപോയതോടെ സ്വയം മുന്നോട്ടു പോകേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസിന് ചെറിയ താമസം വന്നെങ്കിലും പിന്നീട് അവരും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം നേരിട്ട് ബാധിച്ചവർക്കൊപ്പം അതിന്റെ അനുബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അനേകം ആളുകൾക്കും ഈ പദ്ധതികൾ വലിയ സഹായമാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
