പുനർജനി കേസ് അവസാനിപ്പിക്കും; വി.ഡി. സതീശന് പങ്കില്ലെന്ന് വിജിലൻസ് കണ്ടെത്തി: രമേശ് ചെന്നിത്തല

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ സർക്കാർ ആരംഭിച്ച കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങളിൽ സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2018ലെ പ്രളയത്തിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകുന്നതിനായി ധനസമാഹരണം നടത്താൻ വി.ഡി. സതീശൻ വിദേശയാത്ര നടത്തിയെന്നും യാത്രയ്ക്കിടെ ഫണ്ട് ശേഖരിച്ചെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എറണാകുളം ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പുനർജനി പദ്ധതി നടപ്പാക്കിയതെന്നും ഫണ്ടുകൾ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെയും എഫ്‌സിആർഎ അക്കൗണ്ടിലൂടെയുമാണ് കൈകാര്യം ചെയ്തതെന്നും വിജിലൻസ് കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി.

അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് ഫണ്ട് ഇടപാടുകളുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ കുറ്റകരമായ ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന ശുപാർശയാണ് വിജിലൻസ് ഡയറക്ടർ നൽകിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശൻ നേരിട്ട് ഒരു രൂപയുടെ സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും, ഭരണമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ക്ലീൻചിറ്റ് നൽകിയതല്ല മറിച്ച് ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമുള്ള വിജിലൻസ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക