കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (FCRA)ക്കെതിരെ ക്രൈസ്തവ സഭകൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഭേദഗതിയെ കത്തോലിക്കാ സഭ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘ദീപിക’ ദിനപത്രത്തിലെ മുഖപ്രസംഗത്തിൽ, ഈ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന മാരകമായ ആയുധമാണെന്ന് സഭ ആരോപിക്കുന്നു.
ക്രൈസ്തവ സ്ഥാപനങ്ങളുടെ സമ്പത്ത് നിയന്ത്രിക്കാനുള്ള ശ്രമമാണ് ഈ നിയമഭേദഗതിയിലൂടെ നടക്കുന്നതെന്നും, ഇന്ത്യയിൽ ഇതുവരെ കണ്ട ഏറ്റവും വലിയ വർഗീയ പ്രേരിത ഭേദഗതികളിൽ ഒന്നാണിതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
ലോക്സഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കെതിരേ, പ്രത്യേകിച്ച് ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. വിദേശ ഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാമെന്നാണ് ഭേദഗതി.
ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നടത്തി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളൂ എന്നു പറഞ്ഞ് ബിജെപി ഭക്തജനസംഘം നാവടക്കുന്നതിനു മുന്പ്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ കാര്യം തെളിച്ചങ്ങു പറഞ്ഞു. “നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്.” പക്ഷേ, ഇവരുടെ ഭക്തർക്കു യുക്തി വേണ്ടല്ലോ! ക്രൈസ്തവ സ്ഥാപനങ്ങളും സമ്പത്തും കണ്ടുകെട്ടാൻ ലക്ഷ്യമിടുന്ന എഫ്സിആർഎ ഭേദഗതി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയോദ്ദേശ്യപരമായ നിയമങ്ങളിലൊന്നാണ്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജൻഡകൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ ഇതു സൂചനയല്ല, കൃത്യമായ സന്ദേശമാണ്. സംഘപരിവാർ ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം… ക്രൈസ്തവരെക്കുറിച്ചു ബിജെപി ചിന്തിക്കുന്നില്ലെന്നു പറയാനാകില്ല.
ന്യൂനപക്ഷ കമ്മീഷനിൽ ഒരു ക്രിസ്ത്യാനി വന്നിട്ടെന്താ എന്ന ചോദ്യവും അർഥമുള്ളതാണ്. ന്യൂഡൽഹി ലോധി റോഡിലെ, അധ്യക്ഷനും ആവശ്യത്തിന് അംഗങ്ങളുമില്ലാത്ത ആ ഓഫീസിൽ ഒരു ക്രിസ്ത്യൻ നാമധാരികൂടി വന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ, തങ്ങൾ ക്രൈസ്തവരെ തുല്യരായി കാണുന്നുണ്ടെന്നു വാദിക്കാനെങ്കിലും ബിജെപിക്കൊരു കച്ചിത്തുരുമ്പാകുമായിരുന്നു.
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതാണ് വിഷയമെന്നും കത്തോലിക്ക സഭ വിമർശിക്കുന്നു.
“ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും, മറുവശത്ത് മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ തുടങ്ങി ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ, ന്യൂനപക്ഷ കമ്മീഷൻ തന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങിക്കഴിഞ്ഞു. എങ്കിലും, ബിജെപി ഭരണത്തിൽ നിരന്തരം പാർശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നവർക്ക് ‘മൻ കി ബാത്തു’കളിൽ വിട്ടുപോകുന്നവ ചൂണ്ടിക്കാണിക്കാതെ വയ്യ. മുസ്ലിം, പാഴ്സി മതവിഭാഗങ്ങളിൽ നിന്നുള്ള രണ്ടുപേരെ കഴിഞ്ഞ ദിവസം ന്യൂനപക്ഷ കമ്മീഷനിൽ നിയമിച്ചെങ്കിലും ക്രൈസ്തവ പ്രതിനിധിയില്ലെന്നും ലേഖനം വിമർശിക്കുന്നു.
