ഓൺലൈൻ വാതുവെപ്പ്, ഗെയിമിംഗ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ ടോളിവുഡ് നടി നിധി അഗർവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ നിധി അഗർവാളിനെ ഇഡി സംഘം ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.
‘ജീറ്റ്‌വിൻ’ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്പുകളുടെ പ്രചാരണത്തിൽ നടിക്കുള്ള പങ്കാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിച്ചത്. പ്രമോഷൻ കരാറുകളുമായി ബന്ധപ്പെട്ട യഥാർഥ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രചാരണത്തിനായി ലഭിച്ച പ്രതിഫലത്തിന്റെ വിശദാംശങ്ങൾ, പണം ഹവാല വഴിയാണോ ബാങ്ക് ഇടപാടുകളിലൂടെയാണോ ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളും നിധി അഗർവാളിനോട് ചോദിച്ചറിഞ്ഞതായാണ് വിവരം.
രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും അനധികൃതമായി വിദേശത്തേക്ക് പണം കൈമാറുകയും ചെയ്യുന്ന വാതുവെപ്പ് ശൃംഖലകൾക്കെതിരെ ഇഡി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ വാതുവെപ്പ്, ഗെയിമിംഗ് ആപ്പുകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട സിനിമാ താരങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും വിവിധ കേസുകളിൽ നോട്ടീസ് നൽകി അന്വേഷണം നടത്തിവരികയാണ്.
ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ നിധി അഗർവാളിനെ മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാതെ അവർ കാറിൽ കയറി മടങ്ങി.
