അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ വിവാദ പരാമർശം; തൃണമൂൽ എംപി മഹുവ മൊയിത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതിയാണ് നടപടി സ്വീകരിച്ചത്.

ജൂൺ 12ന് സാമൂഹ്യമാധ്യമങ്ങളിലൂടെ മഹുവ മൊയിത്ര നടത്തിയ പരാമർശങ്ങൾക്കെതിരെ സാമുദായിക സൗഹാർദം തകർത്തുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ജൂൺ 17നാണ് കൃഷ്ണനഗർ ജില്ലാ കോടതിയിൽ പരാതി നൽകിയത്.

കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ നിരവധി തവണ സമൻസ് നൽകിയിരുന്നെങ്കിലും മഹുവ ഹാജരായില്ലെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 18ന് നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും അന്നും അവർ എത്തിയില്ല. തുടർന്ന് ഹാജരാകാനുള്ള സമയം ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചുവരെ കോടതി നീട്ടിനൽകി.

എന്നാൽ നിശ്ചിത സമയത്തും ഹാജരാകാതിരുന്നതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടർച്ചയായി സമൻസ് അവഗണിച്ചതിനെ തുടർന്നുള്ള കോടതിയുടെ നടപടി ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക