അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തുടരും.
ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ് വകുപ്പ്. ആന്റോയുടെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ജാമ്യാപേക്ഷയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിൻ വാദിച്ചു. വീട് തന്റെ പേരിലല്ലെന്നും ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ തന്റെ പേരിൽ കേസ് എടുക്കാനാവില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ ഏറ്റവും ഒടുവിൽ അടച്ച നികുതി രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം പരിഗണിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്.
അതേസമയം, പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും വീട്ടിൽ നിർമ്മിച്ച വൈനാണെന്നും ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന പൂർത്തിയാക്കാതെയാണ് മദ്യം വ്യാജമാണെന്ന് പറയുന്നതെന്നും അത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യാപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
