കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. വി.ഡി. സതീശൻ നല്ല മനുഷ്യനാണെന്നും മുഖ്യമന്ത്രിയായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വിഷനറിയായ നേതാവാണ് വി.ഡി. സതീശനെന്നും അൽഫോൺസ് കണ്ണന്താനം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവായതിനാൽ അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ പ്രശംസിച്ച് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുള്ള പരാമർശങ്ങൾ അടുത്തിടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും വി.ഡി. സതീശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി മികച്ച സഹകരണമാണുള്ളതെന്നും കഴിഞ്ഞ പത്തുവർഷത്തിനിടെ ലഭിക്കാതിരുന്ന പിന്തുണയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നുവെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവെച്ചിരുന്നു.
അൽഫോൺസ് കണ്ണന്താനത്തിന്റെ പരാമർശവും സുരേഷ് ഗോപിയുടെ പ്രതികരണവും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
