സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി മാത്രമാക്കുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. ആശുപത്രികളിൽ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും നടത്തുന്ന പൊതിച്ചോർ വിതരണം തടയുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.
ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ട സാഹചര്യമില്ലെന്നും, സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന ഭക്ഷണ വിതരണത്തെ തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊതിച്ചോർ വിതരണം ചെയ്തവർക്കെല്ലാം അതിന്റെ പേരിൽ വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ പല രാഷ്ട്രീയ നേതാക്കൾക്കും നിയമസഭയിൽ എത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ ബഹുമാനപ്പെട്ട കെ. മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ല.
പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റ്‌റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചന്‍ ഒന്നും കേരളത്തില്‍ നടപ്പാവില്ല. കൊവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തില്‍ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്.
