കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി; സമയം അനുവദിച്ചു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമയം അനുവദിച്ചു. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കെ.എസ്.യു വിമർശനങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയും സംഘടനാ നേതൃത്വവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നത്. വിഷയം മുന്നണിക്കുള്ളിൽ ചർച്ചയായതോടെ കെപിസിസി നേതൃത്വവും ഇടപെട്ടിരുന്നു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി പ്രവർത്തകർക്ക് നിർദേശം നൽകി. വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ മാത്രം ഉന്നയിക്കണമെന്നും പാർട്ടി വക്താക്കൾ നിർദേശങ്ങൾ പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകുന്നത് പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും പൊതുജന വിശ്വാസത്തെയും ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും പ്രവർത്തകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി കെ.എസ്.യു പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

മറുപടി രേഖപ്പെടുത്തുക