വടക്കൻ വെളിച്ചം അഥവാ നോർത്തേൺ ലൈറ്റ്സ് കാണുക എന്നത് ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളുടെ സ്വപ്ന പട്ടികയിലെ പ്രധാന ആഗ്രഹങ്ങളിലൊന്നാണ്. ഇരുണ്ട ആകാശത്ത് പച്ചയും നീലയും വയലറ്റും ഉൾപ്പെടെയുള്ള നിറങ്ങൾ നൃത്തം ചെയ്യുന്നത് കാണുന്ന അനുഭവം ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്വന്തമാക്കാൻ പലരും ആഗ്രഹിക്കുന്നു.
ഐസ്‌ലാൻഡ്, സ്വീഡൻ, ഫിൻലാൻഡ്, അലാസ്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ അറോറ കാണാൻ കഴിയുമെങ്കിലും, നോർവേയിലെ ‘നോർത്തേൺ ലൈറ്റ്സ് എക്സ്പ്രസ്’ ഈ അനുഭവത്തെ കൂടുതൽ ആകർഷകമാക്കുന്നു.
നോർവീജിയൻ നഗരമായ നാർവിക്കിൽ നിന്ന് പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ യാത്ര വെറുമൊരു സഞ്ചാരം മാത്രമല്ല, ആഡംബരവും പ്രകൃതി വിസ്മയവും ഒന്നിക്കുന്ന അനുഭവമാണ്. ഗ്ലാസ് ചുറ്റുപാടുകളുള്ള ട്രെയിനിൽ സുഖമായി ഇരുന്ന് തണുത്തുറഞ്ഞ രാത്രിയിൽ ആകാശത്ത് വിരിയുന്ന അറോറയുടെ കാഴ്ച ആസ്വദിക്കാം.
ഓഫോടെൻ ലൈനിലൂടെ പർവതങ്ങളും മഞ്ഞുമൂടിയ വനങ്ങളും കടന്നുള്ള ഏകദേശം മൂന്ന് മണിക്കൂർ യാത്രയാണ് ട്രെയിൻ നടത്തുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് പ്രത്യേക സർവീസ് ലഭ്യമാകുന്നത്.
റോഡ് മാർഗം എത്തിപ്പെടാൻ പ്രയാസമുള്ള ഒറ്റപ്പെട്ട കട്ടേരാറ്റ് സ്റ്റേഷനാണ് യാത്രയുടെ പ്രധാന ആകർഷണം. ഈ പ്രദേശത്തേക്ക് എത്താനുള്ള പ്രധാന മാർഗം ട്രെയിൻ യാത്ര മാത്രമാണ്.
യാത്രാ സമയം
ഒക്ടോബർ 1 മുതൽ ഡിസംബർ 16 വരെ: വൈകുന്നേരം 7 മണിക്ക് പുറപ്പെടും
ഡിസംബർ 17 മുതൽ മാർച്ച് 31 വരെ: വൈകുന്നേരം 7.45ന് പുറപ്പെടും
ടിക്കറ്റ് നിരക്ക്: ഒരാൾക്ക് 1,495 നോർവീജിയൻ ക്രോണർ (ഏകദേശം 14,900 രൂപ).
യാത്രയ്ക്കിടെ ഗൈഡിന്റെ വിവരണം, ചൂടുള്ള പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയും കട്ടേരാറ്റിൽ ഇറങ്ങുമ്പോൾ ചൂട് നിലനിർത്താൻ ക്യാമ്പ് ഫയർ സൗകര്യവും ലഭിക്കും.
ഗ്ലാസ് മേൽക്കൂരയുള്ള പ്രത്യേക ട്രെയിനിന് പുറമെ, നോർവേയിലെ ഓഫോടെൻ ലൈൻ, ആർട്ടിക് സർക്കിളിലൂടെ കടന്നുപോകുന്ന നോർഡ്‌ലാൻഡ് ലൈൻ എന്നിവയിലൂടെയും സഞ്ചാരികൾക്ക് അറോറയുടെ കാഴ്ചകൾ തേടാം. ട്രെയിനിന്റെ ജനൽക്കാഴ്ചകളിലൂടെയോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നോ ഈ പ്രകൃതി വിസ്മയം ആസ്വദിക്കാനാകും.
ആകാശത്തിലെ നിറവിസ്മയവും മഞ്ഞുമലകളുടെ സൗന്ദര്യവും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് നോർവേയുടെ ഈ ട്രെയിൻ യാത്ര ജീവിതത്തിലെ അപൂർവ ഓർമ്മയായി മാറും.
