കഴിഞ്ഞ സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ട് ഫണ്ടും വാങ്ങി; കരാറിൽ നിന്ന് പിന്മാറാൻ പറ്റുമോയെന്ന് പരിശോധിക്കും: മന്ത്രി എൻ ഷംസുദ്ദീൻ

കേന്ദ്ര സർക്കാരിന്റെ ‘പി.എം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ യു.ഡി.എഫ് സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതിയുടെ കരാറിൽ ഒപ്പുവെക്കുകയും ഇതിനായുള്ള കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കരാറിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും, ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം സർക്കാർ വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കില്ല. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയായിരിക്കുമെങ്കിലും ആവശ്യമായ പരിഷ്‌ക്കരണങ്ങൾ വരുത്തും. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ കക്ഷികളുമായും ആവശ്യത്തിന് ചർച്ച ചെയ്യാതെ പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ അൺഫിറ്റായ സ്കൂൾ കെട്ടിടങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും കാലപ്പഴക്കം ചെന്ന സ്കൂളുകൾ പുതുക്കിപ്പണിയുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഫിറ്റ്‌നസിന്റെ പേരിൽ മാത്രം സംസ്ഥാനത്ത് ഒരു സ്കൂളും തുറക്കാതിരുന്നിട്ടില്ല. എന്നാൽ കാലപ്പഴക്കം കാരണം സുരക്ഷിതമല്ലാത്ത ചില സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. നിലവിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകളെ സംരക്ഷിക്കാനും മുന്നോട്ട് കൊണ്ടുവരാനുമുള്ള കൃത്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

പത്താം ക്ലാസ് പാസായിട്ടും ചില കുട്ടികൾക്ക് അടിസ്ഥാനപരമായി എഴുതാൻ അറിയില്ലെന്ന് പറയുന്നത് വലിയ നാണക്കേടാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല നടപടികളെല്ലാം തുടർന്നുപോകാനാണ് തീരുമാനം. തർക്കങ്ങളും കടുത്ത പ്രശ്നങ്ങളുമുള്ള വിഷയങ്ങളിൽ മാത്രമായിരിക്കും പുതിയ സർക്കാർ പുനപ്പരിശോധന നടത്തുകയെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക