ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറക്കൽ: അന്വേഷണത്തിന് ഉത്തരവ്

അതിസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

ക്ഷേത്രത്തിലെ കൊടിമരത്തിന് ഏകദേശം അഞ്ച് മീറ്റർ മാത്രം ഉയരത്തിൽ വരെ ഹെലികോപ്റ്റർ താഴ്ന്നുപറന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഹെലികോപ്റ്ററിൽ നാലുപേർ സഞ്ചരിച്ചിരുന്നതായും, സന്നിധാനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. ഏകദേശം 30 സെക്കൻഡ് സമയം സന്നിധാനത്തിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷമാണ് ഹെലികോപ്റ്റർ മടങ്ങിയത്.

നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മുൻകൂർ അനുമതിയില്ലാതെ ഇത്തരം പറക്കലുകൾക്ക് വിലക്കുണ്ട്. എന്നാൽ, പതിവ് നിരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്ന് പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പി.ആർ.ഒ. വിശദീകരിച്ചു. സന്നിധാനത്തിന് ഇത്രയടുത്ത് ഹെലികോപ്റ്റർ താഴ്ന്നുപറന്നത് ഇതാദ്യമായാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

മറുപടി രേഖപ്പെടുത്തുക