പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആർ ശ്രീലേഖ

പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ രംഗത്തെത്തി. ശ്രീലേഖയുടെ നടപടി ചോദ്യം ചെയ്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും സിപിഎം നേതാവ് പി.കെ. ശ്രീമതിയടക്കമുള്ളവരും വിമർശനവുമായി എത്തിയിരുന്നു.

ഇതിനോട് പ്രതികരിച്ച ശ്രിലേഖ, സർവീസിലിരിക്കെ തെറ്റുകൾ ചെയ്യുന്ന പൊലീസുകാരെ പലപ്പോഴും “പോടാ, പുല്ലേ” എന്ന് നേരിൽ വിളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഗുരുതരമായ തെറ്റുകളും അഴിമതിയും നടത്തിയ നിരവധി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചിലരെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്ത അനുഭവങ്ങൾ തനിക്കുണ്ടെന്നും അവർ പറഞ്ഞു. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതും ചിലർ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടതുമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അന്നൊന്നും യാതൊരു രാഷ്ട്രീയ നേതാക്കളും പൊലീസ് അസോസിയേഷൻ പ്രതിനിധികളും എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രിലേഖ, ഇപ്പോൾ വിരമിച്ച ശേഷം ഒരാളെ “പോടാ” എന്ന് വിളിച്ചതിൽ മാത്രം പ്രശ്നം കാണുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എസ്‌എച്ച്ഒയ്‌ക്കെതിരെ നടപടിയായി അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതിനെ സ്വാഗതം ചെയ്ത ശ്രിലേഖ, ഡിജിപിക്കും കമ്മീഷണർക്കും നന്ദിയും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക