ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്തവട്ടവും കേരളം ഇടതുപക്ഷം ഭരിക്കണം: സ്വാമി ചിദാനന്ദപുരി

മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും അദ്ദേഹം ഒരു ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.

രാഷ്ട്രീയ ഭേദമന്യേ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി നിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം പണ്ഡിതര്‍ ഏകീകരണത്തിനായി ആഹ്വാനം നടത്തിയതായും, ചില ക്രൈസ്തവ പുരോഹിതര്‍ പ്രത്യേക സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന് വ്യക്തമാക്കിയതായും ചിദാനന്ദപുരി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്ലാമിക രാഷ്ട്ര ആശയം പിന്തുണയ്ക്കുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ഒഴിവാക്കണമെന്നും, ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടര്‍ന്നും അധികാരത്തില്‍ വരുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തണമെങ്കില്‍ അടുത്ത ഘട്ടത്തിലും ഇടതുപക്ഷം ഭരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്, തുടര്‍ച്ചയായ ഭരണത്തോടെ അത് ക്ഷയിക്കാമെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ശക്തി അധികാരമാണെന്നും, വീണ്ടും പ്രതിപക്ഷത്തിരുന്നാല്‍ പാര്‍ട്ടി ദുര്‍ബലമാകുമെന്നും അദ്ദേഹം വിലയിരുത്തി. ഇതിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ക്ഷയിക്കുമ്പോള്‍ ഭാവിയില്‍ ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക