പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ നിലപാട് മാറ്റത്തെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതിയാണ് ഇന്ന് യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
“യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നാണ് കെ.എം ഷാജി പറഞ്ഞിരുന്നത്. എന്നാൽ ഞങ്ങൾ ഇപ്പോൾ അറബിക്കടലിൽ വല വീശി നോക്കിയിട്ടും അതിന്റെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല,” എന്ന് പറഞ്ഞാണ് എ.കെ. ബാലൻ സർക്കാരിനെതിരെ പരിഹാസമുയർത്തിയത്.
പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് യാതൊരു നിയമപരമായ ബാധ്യതയുമില്ലെന്നും, ബാധ്യതയുണ്ടെന്ന തരത്തിൽ സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് പി.എം ശ്രീയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ നിയമന നടപടികളെയും എ.കെ. ബാലൻ വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും ഭരണസംവിധാനത്തിൽ സ്വാധീനം വർധിപ്പിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ജമാഅത്തെ പ്രവർത്തകനെ നിയമിച്ചുവെന്നും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ആർ.എസ്.എസ് സ്വാധീനം ശക്തമാകുകയാണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങളിലും തീരുമാനങ്ങളിലും അതിന്റെ പ്രതിഫലനം കാണാനാകുന്നുവെന്നും എ.കെ. ബാലൻ ആരോപിച്ചു.
