ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിച്ചതിന് ഷി ജിൻപിങ്ങിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്

ഇറാനുമായുള്ള സമീപകാല സംഘർഷത്തിനിടെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇരു നേതാക്കളുടെയും സമീപനത്തെ പരസ്യമായി അഭിനന്ദിച്ചത്.

സംഘർഷകാലത്ത് ഇറാന് സൈനിക സഹായം നൽകാതിരിക്കാൻ ഷി ജിൻപിങ്ങിനോട് നേരിട്ട് അഭ്യർഥിച്ചിരുന്നുവെന്നും ചൈന ആ അഭ്യർഥനയെ മാനിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സൈനിക ഉപകരണങ്ങൾ കൈമാറരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രസിഡന്റ് ഷി പൂർണമായും നിഷ്പക്ഷനായിരുന്നു. അദ്ദേഹത്തിന്റെ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. ചൈന ഭൂരിഭാഗം കാര്യങ്ങളിലും അമേരിക്കയുടെ ആശങ്കകൾ പരിഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും ട്രംപ് പ്രശംസിച്ചു. “പുടിനും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. അവർക്ക് സാഹചര്യം കൂടുതൽ സങ്കീർണമാക്കാൻ കഴിയുമായിരുന്നു, എന്നാൽ അങ്ങനെ ചെയ്തില്ല,” എന്ന് ട്രംപ് പറഞ്ഞു.

ഇറാൻ പ്രതിസന്ധിക്കിടെ അമേരിക്കയുടെ പ്രധാന ആഗോള എതിരാളികളായി കണക്കാക്കപ്പെടുന്ന ചൈനയും റഷ്യയും നേരിട്ടുള്ള ഇടപെടലിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാനുമായി ഉണ്ടാക്കിയ കരാറിനെ ന്യായീകരിച്ച ട്രംപ്, സൈനിക നടപടികൾ ലക്ഷ്യം കണ്ടുവെന്നും ഇറാന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നും അവകാശപ്പെട്ടു. രാജ്യത്തിന് നേരിട്ട നാശനഷ്ടങ്ങളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിലേറെയാണെന്നും നിലവിലെ അവസ്ഥയിൽ നിന്ന് കരകയറാൻ 15 മുതൽ 20 വർഷം വരെ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കരാറിന്റെ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഇറാന് ഭാവിയിൽ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കരാർ ലംഘിച്ചാൽ വീണ്ടും സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മരവിപ്പിച്ചിട്ടുള്ള ഇറാനിയൻ ആസ്തികൾ ഭാവിയിൽ തിരികെ നൽകേണ്ട സാഹചര്യമുണ്ടാകാമെന്നും ട്രംപ് പറഞ്ഞു. ആ പണം അമേരിക്കയുടേതല്ല, ഇറാന്റേതാണെന്നും അവ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നത് ആഗോള സാമ്പത്തിക സംവിധാനത്തിലും യുഎസ് ഡോളറിലുള്ള വിശ്വാസത്തിലും പ്രതികൂല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാനെതിരായ തുടർ സൈനിക നടപടികൾ ആഗോള ഊർജ വിപണികളെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്കയും ട്രംപ് പ്രകടിപ്പിച്ചു. ഇറാനുമായി ചൈനയ്ക്കും റഷ്യയ്ക്കുമുള്ള ദീർഘകാല രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, സംഘർഷത്തിന്റെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ട്രംപിന്റെ പരാമർശങ്ങൾ പുതിയ മാനങ്ങൾ നൽകുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക