വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടിയും അവതാരകയുമായ പേളി മാണി നടത്തിയ പ്രതികരണത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ സംവിധായകൻ സിബി മലയിൽയുടെ മകൻ ജോ സിബി മലയിൽ വീണ്ടും രംഗത്ത്. പേളിയുടെ പരാമർശങ്ങൾക്ക് മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോ ശക്തമായ പ്രതികരണം നടത്തിയത്.
വിദ്യാർത്ഥി സമരത്തെക്കുറിച്ച് പ്രതികരിച്ച പേളി, സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോട് ജീവനെക്കാൾ വലിയ ലക്ഷ്യമൊന്നുമില്ലെന്നും പരുക്കേൽക്കാതെ വീടുകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയർന്നിരുന്നു. അതിനിടെയാണ് “ഷെയിം ഓൺ യൂ” എന്ന കമന്റുമായി ജോ സിബി മലയിൽ രംഗത്തെത്തിയത്.
തുടർന്ന് സാമൂഹ്യമാധ്യമ പോസ്റ്റുകളിലൂടെ പേളിയുടെ നിലപാടിനെ ജോ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ, പേരെടുത്തുപറയാതെയായിരുന്നു പേളിയുടെ മറുപടി. തന്റെ വിമർശകരിൽ ഒരാളെ “പരാജയപ്പെട്ട സംവിധായകൻ” എന്ന് പരാമർശിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോയുടെ പുതിയ പ്രതികരണം.
“ഹേയ് മമ്മ ബെയർ, ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛനാണ്. ആരെയാണ് നേരിടുന്നതെന്ന് ആദ്യം മനസിലാക്കണം. ഏഴ് സ്ലൈഡുകൾ വായിക്കാൻ പോലും മടിയാണോ? 5.7 മില്യൺ ഫോളോവേഴ്സിനോട് നിങ്ങളുടെ വിശദീകരണം വായിക്കാൻ പറയുമ്പോൾ ഏഴ് സ്ലൈഡ് അധികമാണോ?” എന്നായിരുന്നു ജോയുടെ വിമർശനം.
“നിങ്ങൾ വിഷയം വ്യക്തിപരമാക്കിയതുകൊണ്ട് ഗെയിം ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകൻ നട്ടെല്ലില്ലാത്ത മകനെ വളർത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്,” എന്നും ജോ കുറിച്ചു.
മറ്റൊരു സ്റ്റോറിയിൽ, തന്റെ വിമർശനം വ്യക്തിപരമായ ആക്രമണമല്ലെന്നും ഒരു തെറ്റായ നിലപാട് ചൂണ്ടിക്കാണിച്ചതുമാത്രമാണെന്നും ജോ വ്യക്തമാക്കി. “വിവരക്കേട് വിവരക്കേടാണെന്ന് പറയുന്നത് ചിലരെ അസ്വസ്ഥരാക്കുന്നുവെങ്കിൽ അതായിക്കോട്ടെ. ഞാൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറല്ല. ആരെയും വ്യക്തിപരമായി ആക്രമിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും ജോ തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും സമൂഹം ഒന്നിച്ചുനിന്നത് പോലെ തന്നെ യുവജനങ്ങൾക്കായും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ജോ സിബി മലയിൽ വ്യക്തമാക്കിയിട്ടുണ്ട്. പേളി മാണിയുടെ പ്രതികരണവും ജോയുടെ മറുപടിയും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
