നികുതിയിളവിൽ സർക്കാരിനുള്ളിൽ ഭിന്നത; വീര്യം കുറഞ്ഞ മദ്യ നയത്തിൽ മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ച് എക്സൈസ് മന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് വിയോജിപ്പും ആശങ്കയും അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നെ മുൻകൂട്ടി ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന അതൃപ്തിയും അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. ബജറ്റ് നിർദേശം പുനഃപരിശോധിക്കണമെന്നും പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയ പ്രത്യേക റിപ്പോർട്ടും മുഖ്യമന്ത്രിക്ക് കൈമാറി.

നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. എന്നാൽ നിലവിൽ നികുതി ഘടന നിശ്ചയിച്ചിട്ടുള്ളതേയുള്ളൂ, വിൽപ്പനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മദ്യവിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ചും കൂട്ടായ ചർച്ചകൾക്കൊടുവിലും മാത്രമേ കൈക്കൊള്ളൂവെന്നും, മദ്യനയത്തിലെ മാറ്റങ്ങളുടെ ഭാഗമായി വിഷയം വിശദമായി പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസിനകത്തും യുഡിഎഫ് നേതൃത്വത്തിനകത്തും ശക്തമായ അസ്വസ്ഥത ഉയർന്നിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കമാണെന്ന വിമർശനവും ശക്തമാണ്. ഇതോടെ സർക്കാരിനകത്തും പാർട്ടിക്കകത്തും തിരുത്തൽ സമ്മർദം വർധിക്കുകയാണ്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തി. ബജറ്റ് പ്രഖ്യാപനം സൃഷ്ടിച്ച ആശങ്കകൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും നയപരമായ വിഷയങ്ങൾ പാർട്ടി തലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബജറ്റ് നിർദേശങ്ങളിൽ ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ബജറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിൽ അത് ബജറ്റ് രഹസ്യം ചോർന്നതായി കണക്കാക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്കിടയിലും വിഷയം ചൂടേറിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നത് മുൻ എൽഡിഎഫ് സർക്കാരാണെന്നും, അതിൽ അഴിമതിയോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നത് എൽഡിഎഫിനാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളോടെ വിഷയം സഭയിലും പുറത്തും രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക