വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ബെക്കാർഡി പോലുള്ള സ്വകാര്യ കമ്പനിക്ക് നേട്ടമൊരുക്കാനുള്ള അഴിമതി നീക്കം: പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉറപ്പാക്കുന്നതിനായാണ് സർക്കാർ ഈ നികുതി ഇളവ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ നികുതി നിർദേശം മുൻകൂട്ടി ആലോചിച്ചതോ ധനകാര്യ രേഖകളിൽ വ്യക്തമായി പ്രതിഫലിപ്പിച്ചതോ അല്ലെന്നാണ് ബജറ്റ് ഷെഡ്യൂൾ പരിശോധിക്കുമ്പോൾ മനസിലാകുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. കർണാടക ആസ്ഥാനമായ സ്വകാര്യ മദ്യ കമ്പനിയായ ബെക്കാർഡിക്ക് അനുകൂലമായി സർക്കാർ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതിലൂടെ ബെക്കാർഡി പോലുള്ള കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും, പൊതുതാൽപര്യത്തേക്കാൾ സ്വകാര്യ കമ്പനികളുടെ ലാഭമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ഈ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്കിടെയാണ് നിയമസഭയിൽ പിണറായി വിജയൻ അഴിമതി ആരോപണം ഉന്നയിച്ചത്. നികുതി ഇളവിലൂടെ സ്വകാര്യ മദ്യ കമ്പനികൾക്ക് അമിതലാഭം കൊയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നതെന്നും അതാണ് വിഷയത്തിലെ ഏറ്റവും ഗൗരവമുള്ള കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക