കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. വീണ്ടും ഹാജരാകാൻ പറഞ്ഞിട്ടില്ലെന്ന് ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് ഷാജഹാൻ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ആലുവ റൂറൽ സൈബർ പൊലീസ് ഓഫീസിന് മുന്നിൽ ഷാജഹാനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം നടത്തി. അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഷാജഹാൻ കയറിയ ഓട്ടോറിക്ഷ തടയുകയും ചെയ്തു.
കെ ജെ ഷൈനിന്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഷാജഹാൻ. എന്നാൽ, ഷാജഹാൻ തങ്ങളെ സംശയ നിഴലിലാക്കി എന്ന സിപിഎം എംഎൽഎമാരുടെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷയിൽ കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കേസിലെ മൂന്നാം പ്രതി യാസർ എടപ്പാൾ ഹാജരായില്ല. കൂടുതൽ പേർ കേസിൽ പ്രതിപ്പട്ടികയിൽ എത്തുമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ നടന്ന അപവാദ പ്രചാരണത്തിൽ പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും എം എൽ എ ആരോപിക്കുന്നു.