ഗാസ ആക്രമണം; യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍, നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്കരണവും കൂകി വിളികളും

Benjamin Netanyahu

ന്യൂയോർക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്‍റിന്‍റെ വിസ അമേരിക്ക റദ്ദാക്കി.

ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസി‍ഡന്‍റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി.

ഇതിനിടെ, ഗുസ്താവോ പെട്രോയുടെ വിസ അമേരിക്ക റദ്ദാക്കി. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത പെട്രോ, അച്ചടക്കം ലംഘിച്ച് കലാപത്തിന് ഇറങ്ങാന്‍ യുഎസ് സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് വിസ റദ്ദാക്കലില്‍ കലാശിച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകളില്‍ പ്രതീക്ഷാനിര്‍ഭരമായ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇസ്രായേലിനും ഹമാസിനും ചര്‍ച്ചയുടെ ഓരോ ഘട്ടങ്ങളേയും കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക