ബലൂചിസ്ഥാനിലെ ചഗായിയിൽ ഫ്രണ്ടിയർ കോർ കേന്ദ്രത്തെ ലക്ഷ്യമാക്കി ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) നടത്തിയ ചാവേർ ആക്രമണത്തിൽ ആറു പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പാകിസ്ഥാന്റെ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ പ്രധാന കേന്ദ്രത്തിലാണ് ഈ ആക്രമണം നടന്നത്.
ചൈനീസ് കമ്പനികൾ നിയന്ത്രിക്കുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്–സ്വർണ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടവും ഇവിടെ തന്നെയാണ് സ്ഥിതിചെയ്യുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, ഈ പ്രോജക്ട് കെട്ടിടത്തിന്റെ പ്രവേശന ഭാഗത്താണ് ആക്രമണം നടന്നത്. വനിതാ ചാവേറിനെയാണ് ഈ ദാളത്തിന് ഉപയോഗിച്ചതെന്ന് ബിഎൽഎഫ് അറിയിച്ചു.
സറീന റാഫിഖ് എന്ന, ‘ട്രാങ് മാഹൂ’ എന്നറിയപ്പെടുന്ന യുവതിയാണ് ആക്രമണത്തിൽ ചാവേറായി ഉപയോഗിച്ചത്. അവരുടെ ചിത്രം ബിഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. കർശന സുരക്ഷയുള്ള കെട്ടിടത്തിന്റെ കോമ്പൗണ്ട് ഭാഗത്തേക്ക് കടക്കുന്നതിനിടെയായിരുന്നു സറീനയുടെ സ്വയം പൊട്ടിത്തെറി. ബിഎൽഎഫ് ആദ്യമായി ഒരു വനിതയെ ചാവേറിനായി വിന്യസിക്കുന്നതാണ് ഇത്. സംഘടനയുടെ ‘സാദോ ഓപ്പറേഷണൽ ബറ്റാലിയൻ’ എന്ന പ്രത്യേക ചാവേർ യൂണിറ്റാണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
