ന്യൂയോർക്ക്: പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിർത്തലാക്കി എബിസി നെറ്റ്വർക്ക്. ചാർളി കിർക്ക് വധത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. വൈറ്റ് ഹൗസിന്റെ സമ്മർദവും നടപടിക്ക് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചാർളി കിർക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ച തന്റെ പരിപാടിയിൽ കിമ്മൽ ആരോപിച്ചത്. ചൊവ്വാഴ്ച ചാർളി കിർക്കിന്റെ കൊലപാതകിയെ കോടതിയിൽ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. ചാർളി കിർക്കിന്റെ കൊലപാതകി തങ്ങളിലൊരാൾ അല്ലെന്ന് സ്ഥാപിക്കാൻ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ ആരോപണം. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിനും ട്രംപിന്റെ പ്രതികരണത്തിനും കിമ്മൽ വിമർശിച്ചിരുന്നു.
ട്രംപിന്റെ നിരന്തര വിമർശകൻ, ഓസ്കാർ അവതാരകൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ഓസ്കർ അവതാരകൻ കൂടിയായ കിമ്മൽ. കിമ്മലിനെതിരായ നടപടിധീരമായ തീരുമാനമെന്ന് പ്രസിഡന്റ് ട്രംപ്. എബിസി നെറ്റ്വർക്കിനെ അഭിനന്ദിക്കുന്നു. ഒരു കഴിവും, റേറ്റിങ്ങും ഇല്ലാത്ത വ്യക്തിയെ പുറത്താക്കിയത് നന്നായെന്നാണ് ട്രംപ് പ്രതികരിച്ചത്.