അമേരിക്കന്‍ ഡോളറിനെ വെല്ലുവിളിച്ച് പുതിയ ‘ ബ്രിക്‌സ് കറന്‍സി’ വരുമോ?

Brics Flags

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ്, പുതിയൊരു കറന്‍സി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക സാമ്പത്തിക രംഗത്ത് നിലവില്‍ അമേരിക്കന്‍ ഡോളറിനുള്ള ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ബ്രിക്‌സ് രാജ്യങ്ങളുടെ കറന്‍സികള്‍ ചേര്‍ത്ത ഒരു ‘കറന്‍സി ബാസ്‌കറ്റ്’ അടിസ്ഥാനമാക്കി, ‘യൂണിറ്റ്’ എന്ന പേരിലായിരിക്കും ഈ പുതിയ കറന്‍സി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയിലെ കസാനില്‍ നടന്ന 2024-ലെ ബ്രിക്‌സ് ഉച്ചകോടിയില്‍, ഈ പുതിയ കറന്‍സിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പുതിയ കറന്‍സിയുടെ ഒരു മാതൃകയും ഉയര്‍ത്തിക്കാണിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ ഡോളറിനെ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നത് ബ്രിക്‌സിന്റെ ലക്ഷ്യമല്ലെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങളെ നേരിടാന്‍ സ്വന്തം കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാരം നടത്താനുള്ള വഴികള്‍ കണ്ടെത്തുകയാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ബ്രിക്‌സ് കറന്‍സി എന്തിന്?

അമേരിക്കയുടെ ചില കടുത്ത വിദേശനയങ്ങളും സാമ്പത്തിക ഉപരോധങ്ങളുമാണ് ഇങ്ങനെയൊരു കറന്‍സിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് ബ്രിക്‌സ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. പ്രത്യേകിച്ച്, ചൈനയ്ക്കും റഷ്യക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടി. ഒരു പുതിയ കറന്‍സി നിലവില്‍ വന്നാല്‍, അത് അന്താരാഷ്ട്ര വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന്റെ പ്രാധാന്യം കുറയ്ക്കും, ഇത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലോകമെമ്പാടുമുള്ള 90 ശതമാനം കറന്‍സി വ്യാപാരവും നടക്കുന്നത് നിലവില്‍ അമേരിക്കന്‍ ഡോളറിലാണ്. എണ്ണ വ്യാപാരത്തിലും ഡോളറിനായിരുന്നു ആധിപത്യം. എന്നാല്‍, 2023-ല്‍ നടന്ന എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഡോളര്‍ അല്ലാത്ത കറന്‍സികളില്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ശ്രദ്ധേയമാണ്. 2026-ല്‍ അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ, അമേരിക്കന്‍ ഡോളറിന് പകരമായി ഒരു പൊതു കറന്‍സി എന്ന ആശയത്തില്‍ നിന്ന് താല്‍ക്കാലികമായി അകലം പാലിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ബ്രസീലില്‍ നടന്ന ഉച്ചകോടിയിലും കറന്‍സി ചര്‍ച്ചകള്‍ മന്ദഗതിയിലായിരുന്നു.

പുതിയ ബ്രിക്‌സ് കറന്‍സി എപ്പോള്‍ വരും?

പുതിയ കറന്‍സി എന്ന് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങള്‍ അതിനുവേണ്ടിയുള്ള പഠനങ്ങളും ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്. 2022-ല്‍ നടന്ന 14-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ പുതിയ കറന്‍സി പുറത്തിറക്കാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. 2023-ല്‍ ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയും ഈ ആശയത്തെ പിന്തുണച്ച് രംഗത്തുവന്നു. ഈ നീക്കം അടുത്ത കാലത്തൊന്നും നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് ബ്രിക്‌സ് ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലെസ്ലി മാസ്ഡോര്‍പ്പ് വ്യക്തമാക്കിയിരുന്നു. എങ്കിലും, അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സാധ്യതകള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ പരിശോധിച്ചുവരുന്നുണ്ട്.

അംഗരാജ്യങ്ങളുടെ എണ്ണം കൂടി

നിലവില്‍ 10 അംഗരാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ, ഇന്തോനേഷ്യ എന്നിവരാണ് നിലവിലെ അംഗങ്ങള്‍. കൂടാതെ, അള്‍ജീരിയ, ബൈലോറഷ്യ, ക്യൂബ, തായ്ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ 13 രാജ്യങ്ങളെ ‘പാര്‍ട്ട്ണര്‍’ രാജ്യങ്ങളായി ബ്രിക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു