93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക ഫാസിസത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായ വിമർശനം ഉയർത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വേദി പങ്കിട്ട അദ്ദേഹം, രാജ്യത്തിന്റെ ബഹുസ്വര സ്വഭാവം ആക്രമിക്കപ്പെടുകയാണെന്നും ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കുന്ന പ്രവണത അപകടകരമാണെന്നും പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്ധവിശ്വാസങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഗുരുവിന്റെ ആശയങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്നും ഒരു മതത്തിന്റെ രാഷ്ട്രം എന്ന ആശയം ഗുരുനിന്ദയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാഹ്മണ്യത്തെയും ചാതുർവർണ്യത്തെയും ചോദ്യം ചെയ്ത ഗുരുവിന്റെ പോരാട്ടപാതയാണ് കേരള സർക്കാർ പിന്തുടരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യയുടെ പ്രസംഗത്തിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി വേദി വിട്ടത് ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ഉള്ളതിനാലാണ് നേരത്തെ മടങ്ങുന്നതെന്നും, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിലില്ലാത്തത് മര്യാദകേടായി തോന്നരുതെന്നും അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു. പ്രസംഗം പൂർത്തിയായ ശേഷം സിദ്ധരാമയ്യയ്ക്ക് ഉപഹാരം നൽകി മുഖ്യമന്ത്രിയാണ് ശിവഗിരി വിട്ടത്.
