പുതിയ മദ്യ ബ്രാൻഡിന് പേര്‌യും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച ബെവ്കോയുടെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി. ഇത്തരമൊരു നടപടി മദ്യ ഉപഭോഗത്തിന് പ്രേരണയാകില്ലേയെന്ന് കോടതി ചോദിച്ചു. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സർക്കാർ പരോക്ഷമായി ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
ബെവ്കോയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ടാമത്തെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിന് മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു.
സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണെന്നതാണ് ഹർജിയിലെ പ്രധാന വാദം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 55(എച്ച്) പ്രകാരം മദ്യത്തിന്റെ നേരിട്ടുള്ളതോ പരോക്ഷമായോ ഉള്ള പരസ്യങ്ങൾ കർശനമായി നിരോധിച്ചിരിക്കെയാണ് ബെവ്കോ പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് വാർത്താക്കുറിപ്പും പരസ്യവും നൽകിയത്. ഇത് പരോക്ഷ മദ്യപ്രചാരണമാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളും കോടതിയിൽ ഹാജരാക്കി.
മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകാനുള്ള ബെവ്കോയുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു. കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
