കൊല്ലത്ത് ദേശീയ പാത തകർന്നു വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതേസമയം, ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു.ദേശീയപാതക്ക് അടിയിലൂടെ കടന്നു പോകുന്ന വെള്ളം ഒഴുകുന്ന ഓടക്ക് മതിയായ സംവിധാനം ഒരുക്കാത്ത നിർമാണപ്രവർത്തനങ്ങളാണ് ഇടിഞ്ഞുവീഴാൻ ഇടയാക്കിയതെന്നാണ് സമീപവാസികളുടെ വിമർശനം.

നിലവിൽ കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെഎംഎംഎൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ – ആൽത്തറമൂട് – കടവൂർ – കല്ലുംതാഴം – അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരുകയോ അല്ലെങ്കിൽ കണ്ണനല്ലൂർ – മീയണ്ണൂർ – കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതോ ആണ്.

മറുപടി രേഖപ്പെടുത്തുക